സന്തോഷ്‌ പറയുന്നു; “അങ്ങനെയൊന്നും തകരുന്നതല്ല കേരളത്തിന്‍റെ മത സൗഹാര്‍ദ്ദം “

വള്ളികുന്നം: രാജ്യത്തിനു മാതൃകയായ മതേതര കേരളത്തിന്‍റെ മത സൗഹാര്‍ദ്ദം ഇന്നും ശക്തമായി തന്നെ നില കൊള്ളുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ആലപ്പുഴ വള്ളികുന്നം സ്വദേശി സന്തോഷും കുടുംബവും.

നബി ദിനത്തോടനുബന്ധിച്ച് ആറായിരത്തിലധികം ആളുകള്‍ക്ക് അന്നദാനം നടത്തിയാണ് സന്തോഷ്‌ മാതൃകയാകുന്നത്.തെക്കന്‍ കേരളത്തില്‍ നബി ദിനത്തിന്‍റെ ഭാഗമായി സാധാരണയായി വിതരണം ചെയ്യാറുള്ള തേങ്ങാ ചോറും,ബീഫ് കറിയുമാണ് സന്തോഷ്‌ അന്നദാനത്തിനു വേണ്ടി തയ്യാറാക്കിയത്. സുഹൃത്തുക്കളായ ലത്തീഫും,നൗഷാദുമാണ് ഭക്ഷണം പാചകം ചെയ്തത്. തലേദിവസം മുതല്‍ ഭക്ഷണം കവറുകളിലാക്കി വിതരണം ചെയ്യുന്നത് വരെയുള്ള കാര്യങ്ങളില്‍ സന്തോഷിനെ സഹായിച്ചത് അയല്‍വാസികളും നാട്ടുകാരുമാണ്. വള്ളികുന്നത്തും പരിസര പ്രദേശങ്ങളിലുമുള്ള മുസ്‌ലിംകളും ഇതര മതസ്ഥരുമായ ആളുകള്‍ ഒന്നടങ്കം ക്ഷണം സ്വീകരിച്ച് സന്തോഷിന്‍റെ വീട്ടിലെത്തിയിരുന്നു.ആറു വര്‍ഷമായി എല്ലാ നബിദിനങ്ങളിലും മുടങ്ങാതെ പായസ വിതരണവും, അന്നദാനവുമൊക്കെ നടത്താറുണ്ടെങ്കിലും ഇത്രയും വലിയൊരു ചടങ്ങ് ഇതാദ്യമാണെന്ന്‍ സന്തോഷ്‌ പറഞ്ഞു.

മതങ്ങളില്‍ വെച്ച് ഞാനേറ്റവും ഇഷ്ടപ്പെടുന്നത് ഇസലാമിനെയാണ്.ഇസ്‌ലാം ഒരിക്കലും തകരില്ല.കേരളത്തില്‍ നവോഥാനം കൊണ്ട് വന്നത് ഇസ്‌ലാം ആണ്.മുഹമ്മദ്‌ നബിയുടെയും ശ്രീനാരായണ ഗുരുവിന്‍റെയും സന്ദേശങ്ങളെയാണ് ഞാന്‍ പിന്‍പറ്റുന്നത്.എന്‍റെ പ്രഥമ സംരംഭം തന്നെ നബിദിനത്തിന്‍റെ അന്നാണ് ആരംഭിച്ചത്.എന്‍റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും പിന്നില്‍ അയല്‍വാസികളായ മുസ്‌ലിം കുടുംബങ്ങളാണ്.അഞ്ചാം വയസ്സില്‍ അമ്മ മരിച്ച എനിക്ക് ബന്ധുക്കളെക്കാള്‍ താങ്ങായി നിന്നതും,സംരക്ഷിച്ചതും അവരാണ്.എല്ലാ മതസ്ഥരും സ്വന്തം ആദര്‍ശത്തില്‍ നിന്നു കൊണ്ട് തന്നെ മാനവികത മുന്‍ നിര്‍ത്തി ഒന്നിക്കാന്‍ തയ്യാറാകണമെന്നും എന്നും സന്തോഷ്‌ കൂട്ടിച്ചേര്‍ത്തു.
വീടിനു സമീപം ഫ്ലവര്‍ മില്ല് നടത്തുകയാണ് സന്തോഷും ഭാര്യ അജിതയും. പ്ലസ്ടുവിനു പഠിക്കുന്ന ദേവി,ഏഴാം ക്ലാസില്‍ പഠിക്കുന്ന ദേവിക എന്നിവര്‍ മക്കളാണ്.

ഡോക്ടര്‍ ഹാദിയയുടെ ഇസ്‌ലാം ആശ്ലേഷണത്തിനു ശേഷം കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടായി എന്ന്‍ പ്രചാരണം നടത്തുന്ന ഇടത് ലിബറലുകളോടും,തീവ്ര ഹിന്ദുത്വരോടും സന്തോഷിനു പറയാനുള്ളത് പ്രവാചകന്‍ തിരുമേനിയുടെ പിന്‍ഗാമികളും,ശ്രീനാരായണ ഗുരുവിന്‍റെ ആദര്‍ശങ്ങള്‍ ജീവിത ചര്യയാക്കിയവരാണ് കേരളീയ സമൂഹമെന്നും, അങ്ങനെയൊന്നും തകരുന്നതല്ല കേരളത്തിലെ മത സൗഹാര്‍ദ്ദമെന്നുമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*